ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പാതിവഴിയിൽ പൈലറ്റുമാർ ഇറങ്ങിപ്പോയതോടെ എയർ ഇന്ത്യ യാത്രക്കാർ വലഞ്ഞു. പാരിസിൽ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ജയ്പുരില്‍ യാത്ര അവസാനിപ്പിച്ചതാണ് യാത്രക്കാരെ വലച്ചത്.
പാരീസില്‍ നിന്ന് ഞായറാഴ്ച രാത്രി പത്ത് മണിക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ–2022 വിമാനത്തിലാണ് സംഭവം. യാത്രക്കാര്‍ ബഹളം വച്ചതോടെ ഇവരെ ബസിൽ ഡല്‍ഹിൽ എത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ 10.30ന് ഡല്‍ഹിയില്‍ എത്തിച്ചേരേണ്ടിയിരുന്ന വിമാനം ഡല്‍ഹിയിലെ പുകനിറഞ്ഞ ആകാശം കാരണം ജയ്പൂരിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇവരെ ഡൽഹിയിലെത്തിക്കാൻ വേണ്ട നടപടികൾ വിമാനകമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത് എത്തിയതോടെയാണ് ബസിൽ ഇവരെ ഡഹിയിലെത്തിക്കാൻ നടപടിയായത്. സമൂഹ മാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ചയാണ്. അഞ്ചു മണിക്കൂറിലധികം വിമാനത്തില്‍ യാത്രക്കാർക്ക് ബസ്സിനായി കാത്തിരിക്കേണ്ടിവന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുളള യാത്രക്കാർക്കാണ് ദുരിതം നേരിട്ടത്.