വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നതെന്നുമാണ് മുരളീധരൻ പറഞ്ഞത്. വാർത്താസമ്മേളനത്തിനിടെ വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു മുരളീധരന്റെ പ്രതികരണം.
‘ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണ്. രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നത്. വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ല, നാടുമുഴുവൻ എന്ന വാക്കിനോടാണ് തന്റെ എതിർപ്പ്’ എന്നുമാണ് മുരളീധരൻ പറഞ്ഞത്. വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ മുരളീധരന്റെ ആക്ഷേപവാക്കുകൾ.
മുരളീധരന്റെ വാക്കുകൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദനയറിയൂവെന്നും നിരവധി പേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടലിൽ ഒരുപാട് പേർക്ക് ഉറ്റവരും വീടും നഷ്ടപ്പെട്ടെന്നുമാണ് ജനങ്ങൾ പ്രതികരിക്കുന്നത്.
അതേസമയം, മുരളീധരന്റെ പ്രസ്‌താവന മര്യാദകേടാണെന്നും ദുരന്തബാധിതരെ അപമാനിക്കുന്ന പ്രസ്‌താവനയാണ് ഇതെന്നും മൂന്ന് വാർഡിലുള്ളവർ മനുഷ്യരല്ലേ എന്നും കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് ചോദിച്ചു.