ഷെയ്ഖ് സായിദ് പുസ്തക അവാർഡിന് 4,052 അപേക്ഷകൾ ലഭിച്ചു. 75 രാജ്യങ്ങളിൽ നിന്നാണ് അപേക്ഷകൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പുസ്‌തകങ്ങളുടെ പട്ടിക ഡിസംബറിൽ പ്രസിദ്ധീകരിക്കും.
യുവ എഴുത്തുകാരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്, 1034 അപേക്ഷകൾ. സാഹിത്യ വിഭാഗത്തിൽ 1001ഉം ബാലസാഹിത്യ വിഭാഗത്തിൽ 439ഉം അപേക്ഷകൾ ലഭിച്ചു. സാഹിത്യ, കലാ വിമർശനം, വികസ്വര രാജ്യങ്ങൾക്കുള്ള സംഭാവന, പരിഭാഷ, അറബ് സംസ്കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മറ്റു നാമനിർദേശങ്ങൾ.
ഓരോ വിഭാഗത്തിലും 7.5 ലക്ഷം ദിർഹമാണ് സമ്മാനത്തുക. സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം ദിർഹം സമ്മാനവും ലഭിക്കും.