43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുത്തത്. ‘പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണ പുസ്തക മേള സംഘടിപ്പിച്ചത്.
അറിവിന്റെയും സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനമാണ് പുസ്തകമേളയെ വിജയത്തിലേയ്ക്ക് എത്തിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകരാണ് മേളയിൽ പങ്കെടുത്തത്. ഔദ്യോഗിക അതിഥികളായി 400 എഴുത്തുകാർ അവരുടെ പുതിയ പുസ്തകങ്ങളുമായെത്തി. മലയാളത്തിൽ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കവി പി.പി.രാമചന്ദ്രൻ, മലയാളം തമിഴ് – എഴുത്തുകാരൻ ബി.ജയമോഹൻ, എഴുത്തുകാരായ വിനോയ് തോമസ്, അഖിൽ ധർമ്മജൻ എന്നിവരും മേളയിൽ സംബന്ധിച്ചു.
2,522 അറബ്, രാജ്യാന്തര പ്രസാധകരും പ്രദർശകരും മേളയിൽ സംബന്ധിച്ചിരുന്നു. ഇതിൽ 835 പേർ അറബും, 264 പേർ വിദേശ പ്രസാധകരുമായിരുന്നു. 234 പ്രസാധകരുമായി ആതിഥേയ രാജ്യമായ യുഎഇ തന്നെയാണ് മുന്നിൽ. 1,350-ലേറെ പരിപാടികളാണ് മേളയിൽ അരങ്ങേറിയത്.