കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം.
എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെ എഐയിലൂടെ ഇതിഹാസ നടൻ ജയനാക്കി മാറ്റുകയായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്.
സാഹസികതയും പൗരുഷവും കൊണ്ട് പ്രേക്ഷകരുടെ മനസിനെ കീഴടക്കിയ ജയൻ വിടപറഞ്ഞിട്ട് 44 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് എഐയിലൂടെ താരം വീണ്ടും ഫ്രെയിമിലെത്തിയത്. അങ്ങാടിയിലെ ചുമട്ട് തൊഴിലാളിയായും ശരപഞ്ജരത്തിലെ കുതിരക്കാരനായും മറ്റും നിറഞ്ഞാടിയ ജയൻ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്നതിൻ്റെ തെളിവുകൂടിയായി മൾട്ടിവേഴ്സ് മാട്രിക്സ് പുറത്തുവിട്ട എഐ വീഡിയോ.
1980 നവംബർ 16 നാണ് കോളിളക്കം സിനിമയുടെ ഷൂട്ടിംഗ് ലൊക്കോഷനിൽ ജയൻ്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടമുണ്ടായത്. കൊല്ലം സ്വദേശിയായ ജയൻ്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. സിനിമയിൽ വരുന്നതിനുമുമ്പ് നേവിയിൽ ഓഫീസർ ആയിരുന്നു ജയൻ.
1974 മുതല്‍ 80 വരെയാണ് ജയൻ സിനിമയിൽ ഉണ്ടായിരുന്നത്. ഇതിനിടെ മലയാളത്തിലും തമിഴിലുമായി 116 സിനിമകളിൽ അഭിനയിച്ചു. ഭൂരിപക്ഷം സിനിമകളും ഹിറ്റായിമാറി. താരപരിവേഷത്തിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോൾ നാല്പത്തിയൊന്നാം വയസ്സിലായിരുന്നു മരണം. കാലങ്ങൾ കടന്നുപോകുമ്പോഴും ജയൻ എന്ന മലയാളത്തിൻ്റെ കരുത്തുറ്റ താരം പ്രേക്ഷകരുടെ മനസ്സിൽ അനശ്വരനായി നിൽക്കുകയാണ്.