ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും യുവതാരത്തിനെതിരെ പൊരുതിനോക്കിയെങ്കിലും തോൽവി ഏറ്റുവാങ്ങി.
പ്രായത്തിൻ്റെ പരാധീനതകൾ പ്രകടനത്തെ ബാധിച്ചത് മ്തസരത്തിലുടനീളം വ്യക്തമായിരുന്നു. നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 58-ആം വയസ്സിലാണ് മൈക്ക് ടൈസൻ ബോക്സിങ് റിങ്ങിലേക്ക് തിരിച്ചെത്തിയത്. ടെക്സസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം
നേരത്തെ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്ന ജേക്ക് പോളാണ് മൈക്ക് ടൈസണെ ഇടിച്ചിട്ടത്. 2018ലാണ് ബോക്സിങ് പ്രൊഫഷനിലേക്ക് ജേക്ക് പോൾ എത്തുന്നത്. പ്രോബ്ലം ചൈൽഡ് എന്ന അപരനാമവും ജേക്ക് പോളിനുണ്ട്. മൂന്നാം റൗണ്ട് മുതൽ മത്സരത്തിൽ ആധിപത്യം പുലർത്താൻ ജേക്ക് പോളിനായി. ജേക്ക് പോളിൻ്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്.
ഇരുവരുടേയും പ്രായവെത്യാസം കണക്കിലെടുത്ത് മത്സരത്തിന് അനുവദനീയമായ ചില ഇളവുകൾ നൽകിയിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള മത്സരം ഇക്കുറി എട്ടാക്കി ചുരുക്കിയിരുന്നു. ഓരോ റൗണ്ടും മൂന്ന് മിനിറ്റിന് പകരം രണ്ട് മിനിറ്റാക്കുകയും ചെയ്തു.
റിങ്ങിലെ പൊരാട്ട വീര്യത്തിനും വാശിക്കും പേരുകേട്ട മൈക്ക് ടൈസൻ്റെ മടങ്ങിവരവ് കാത്തിരുന്നത് പതിനായിരക്കണക്കിന് ആരാധകരാണ്. മത്സരസമയത്ത് ആരാധകർ ടൈസന് പിന്നിൽ അണിനിരന്ന് വൻ പ്രോത്സാഹനം നൽകിയതും ശ്രദ്ധേയമായി. തോറ്റെങ്കിലും റിങ്ങിലെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് മൈക്ക് ടൈസൻ്റെ പ്രതികരണം.