ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ് വാര്യർ. കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കെപിസിസി അധ്യക്ഷൻ കെ. സുധാരകനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.
എൻ്റെ പ്രിയപ്പെട്ട സന്ദീപ് വാരിയര്‍ എന്ന അഭിസംബോധനയോടെയാണ് കെ.സുധാകരന് സന്ദീപ് വാര്യരെ സ്വീകരിച്ചത്. വെറുപ്പിൻ്റെ രാഷ്ട്രീയം വിട്ടകന്നാണ് സന്ദീപ് എത്തുന്നതെന്ന് വി.ഡി സതീശനും പ്രതികരിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബിജെപിയെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നാണ് സന്ദീപ് വ്യക്തമാക്കിയത്. സന്ദീപ് ഇടത് സംഘടനകളുമായി അടുക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാംപിലേക്കു ചേക്കേറിയത്. സന്ദീപ് അച്ചടക്കലംഘനത്തിൻ്റെ പരിധി വിട്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.