ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട് സർവ്വീസ് ഏർപ്പെടുത്തിയത്. ഷാർജ – ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.
ഷാർജ അക്വേറിയം സ്റ്റേഷനിൽ നിന്ന് ഷാർജ എക്സ്പോ സെൻ്റർ വരെയാണ് സൌജന്യയാത്ര. എക്സ്പോ സെൻ്ററിന് സമീപം താൽക്കാലികമായി സ്റ്റേഷൻ ഒരുക്കിയാണ് ആളുകളെ പുസ്കകമേളയിലേക്ക് എത്തിക്കുന്നത്. പുസ്തകമേള തീരുംവരെ പത്ത് ബോട്ടുകൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കി പുസ്തകമേളക്ക് എത്താനും ഇതുവഴി അവസരം ഒരുങ്ങും. ബർദുബായ് അൽഗുബൈബ മറൈൻ സ്റ്റേഷനും ഷാർജ അക്വേറിയം സ്റ്റേഷനുമിടയിലുള്ള ബോട്ട് സർവീസ് ഉപയോഗപ്പെടുത്തിയാൽ ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാം.എന്നാൽ ഇതിനായി പ്രത്യേക ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ബർദുബായ് അൽഗുബൈബ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 3, വൈകിട്ട് 5, രാത്രി 8, 10 സമയങ്ങളിൽ ഷാർജയിലേക്കും ബോട്ട് സർവീസുണ്ടാകും.
പുസ്തകവേളയിളുടെ അവസാന ദിവസങ്ങളായ വെള്ളി, ശനി, ഞായർ ദിവസങ്ങളും ബോട്ട് സർവീസ് ലഭ്യമാണ്. ഉച്ചയ്ക്ക് 2, വൈകിട്ട് 4, 6, രാത്രി 9 എന്നീ സമയങ്ങളിലാണ് ഷാർജ അക്വേറിയം സ്റ്റേഷനിൽനിന്ന് ദുബായിലേക്ക് ബോട്ടുകൾ പുറപ്പെടുക. പ്രസാധകരുടെ എണ്ണം കൊണ്ടും വേറിട്ട പരിപാടികൾകൊണ്ടും 43-ാമത് മേള പ്രത്യേക ശ്രദ്ധനേടുന്നുണ്ട്.