നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്ത ‘പണി’ സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ജോജുവും ഉൾപ്പെടുമെന്നുമാണ് അനൂപ് മേനോൻ കുറിച്ചത്.
“പണി കണ്ടു. ഗംഭീര കമേഴ്സ്യൽ സിനിമ. ജോജു ജോർജ് ഒരു മികച്ച സംവിധായകനായെന്ന് ഈ സിനിമയിലൂടെ വ്യക്തം, വരും കാലങ്ങളിൽ അദ്ദേഹം തീർച്ചയായും മികച്ച സംവിധായകരുടെ കൂട്ടത്തിൽ എത്തും. നവാഗതരുടെ മികവാർന്ന പ്രകടനങ്ങൾ, പ്രത്യേകിച്ച് ബോബി, അഭയ, വില്ലൻമാരായ സാഗർ, ജുനൈസ്.
എഡിറ്റിങും പശ്ചാത്തല സ്കോറും, എല്ലാ വിഭാഗത്തിലും ഒരുപോലെ മികവു പുലർത്തുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗ്യാങ്സ്റ്റർ ചിത്രങ്ങളിലൊന്നായി മാറുന്നു. തമിഴ്, കൊറിയൻ സിനിമകളെ പ്രശംസിക്കുന്നതുപോലെ ഈ സിനിമയും പ്രശംസിക്കപ്പെടണം. തിയേറ്ററിൽ ഈ സിനിമ നഷ്ടപ്പെടുത്തരുത്” എന്നാണ് അനൂപ് മേനോൻ കുറിച്ചത്.
ജോജു ജോർജ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ആദ്യ സിനിമയാണ് പണി. അഭിനയ നായികയായി എത്തിയിരിക്കുന്ന ചിത്രത്തിൽ ഗായിക അഭയ ഹിരൺമയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.