ഷാർജയുടെ സ്വന്തം മലീഹ പാൽ വിപണിയിൽ വൈറലായതോടെ ഷാർജ ഫാമിൽ രണ്ടാം ബാച്ച് പശുക്കൾ എത്തിച്ചു. ഇതോടെ ഫാമിലെ ആകെ പശുക്കളുടെ ഇനങ്ങളുടെ എണ്ണം 2,500 ആയി. 1300 ഡാനിഷ് പശുക്കളെയാണ് ഷാർജ അന്തരാഷ്ട്ര വിമാനത്താവളം വഴി ഫാമിലെത്തിച്ചത്. താമസിയാതെ ഫാമിലെ പശുക്കളുടെ എണ്ണം 20000 ആയി ഉയർത്താനാണ് തീരുമാനം.
2024 ഓഗസ്റ്റിൽ വിപണനം ആരംഭിച്ച മെലിഹ ഓർഗാനിക് മിൽക്കിനാണ് ഡിമാൻ്റ് ഉയർന്നത്. രാവിലെ 6 മണി മുതൽ തന്നെ മലീഹ പാലിനായി തിരക്കേറെയാണ്. 4,000 ലിറ്റർ പ്രതിദിന ബാച്ച് സാധാരണയായി വിറ്റുതീരുന്നെന്നാണ് കണക്ക്. പ്രാദേശിക കൃഷിയെ പിന്തുണയ്ക്കാൻ ആരംഭിച്ച പദ്ധതിയാണ് വൻ വിജയം കാണുന്നത്.
പാലിന് പുറമെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. തൈര്, നെയ്, ദീർഘകാലം സൂക്ഷിക്കാനാവുന്ന പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ 2025ൽ വിപണിയിൽ അവതരിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശം അനുസരിച്ചാണ് വിപുലീകരണം.
ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പശുക്കൾക്ക് ജൈവ തീറ്റയാണ് നൽകുന്നത്. മെലിഹയിലെ ഫാമിലെ ഗോതമ്പ് കൃഷിയിൽ നിന്നാണ് ജൈവ തീറ്റയുടെ ഒരു ഭാഗം ലഭിക്കുന്നതെന്ന് അഗ്രിക്കൾച്ചർ ആൻഡ് ലൈവ് സ്റ്റോക്ക് ഡിപ്പാർട്ട്‌മെൻ്റ് ചെയർമാനും ഷാർജ അഗ്രികൾച്ചറൽ ആൻഡ് അനിമൽ പ്രൊഡക്ഷൻ ഫൗണ്ടേഷൻ ‘എക്തിഫ’ സിഇഒയുമായ ഡോ. ഖലീഫ മുസ്ബ അൽ തുനൈജി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc