ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആവേശകരമായ നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിൽ എത്തി. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടി20 ടീമാണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്. നാല് മത്സരങ്ങളുടെ പരമ്പര നവംബർ 8 ന് ആരംഭിക്കും.
ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. അവസാന ടി20യിൽ സെഞ്ച്വറി അടിച്ച സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജു തന്നെ ആകും ഈ പരമ്പരയിലും ഇന്ത്യയുടെ ഓപ്പണർ.
അതേസമയം വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മൺ ടി20 ടീമിൻ്റെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കും. ശ്രീലങ്ക, ന്യൂസിലൻ്റ് എന്നിവരുമായി തോൽവികൾ ഏറ്റുവാങ്ങിയത് ഗംഭീറിന് മേലുള്ള സമ്മർദ്ദം ഉയർത്തുന്നുണ്ട്. ഓസീസിന് എതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരത്തിൽ കൂടി ഇന്ത്യ പരാജയപ്പെട്ടാൽ ഗംഭീറിന് പുറത്തേക്കുള്ള വഴി തെളിയും എന്നാണ് റിപ്പോർട്ടുകൾ.
ടെസ്റ്റിലടക്കം ടി20 മോഡൽ പരീക്ഷണം നടത്തിയതും ടീം സിലക്ഷനിൽ കോച്ച് ഇടപെടുന്നതും ഗംഭീറിനെതിരായ ആയുധങ്ങൾ ആയേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒന്നാം റാങ്കിംഗ് നഷ്ടമായതും വൻ തിരിച്ചടിയാണ്. ഓസീസിനെതിരേ പരമ്പര ജയിച്ചില്ലെങ്കിൽ ലോകകപ്പ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനമെന്ന ഇന്ത്യൻ സ്വപ്നവും പൊലിയും.