സിഗരറ്റ് വലിക്കുന്ന ശീലം പൂർണമായി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ഷാറൂഖ് ഖാൻ. നവംബർ രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി നടന്ന മീറ്റ് ആന്റ് ഗ്രീറ്റിനിടെയായിരുന്നു കിങ് ഖാന്റെ പ്രഖ്യാപനം. താരത്തിന്റെ വാക്കുകൾ കയ്യടികളോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
“ഒരു നല്ല കാര്യം പറയാനുണ്ട്. ഞാനിപ്പോൾ പുക വലിക്കുന്നില്ല. ഈ ശീലം നിർത്തുമ്പോൾ ശ്വാസം കിട്ടാത്തത് പോലെ തോന്നുമെന്ന് കരുതിയില്ല. പക്ഷേ തോന്നുന്നുണ്ട്. എന്നാൽ ഇത് ശരിയാകുമെന്നാണ് കരുതുന്നത്. ഇൻഷാ അള്ളാ, അതും പെട്ടെന്ന് തന്നെ ശരിയാകുമെന്ന് കരുതാം. പൂർണമായും പുകവലി നിർത്തുക അത് എളുപ്പമായിരുന്നില്ല” എന്നാണ് ഷാറൂഖ് പറഞ്ഞത്.
ഷാറൂഖിൻ്റെ ബാന്ദ്രയിലെ ഫാൻ ക്ലബുകൾ ചേർന്നാണ് ‘എസ്ആർകെ ഡേ’ എന്ന പേരിൽ ഇവന്റ് നടത്തിയത്. കടുത്ത പുകവലിക്കാരനായിരുന്നു താരം. ഒരു ദിവസം നൂറോളം സിഗരറ്റുകൾ വലിച്ചിട്ടുണ്ടെന്ന് താരം തന്നെ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.