അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാഗ്യം. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ എന്ന വ്യക്തിക്കാണ് 46 കോടി രൂപ (20 ദശലക്ഷം ദിർഹം) നറുക്കെടുപ്പിൽ ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള പ്രിൻസിനെ ഇത്തവണ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു.
സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളിൽ നിന്നാണ് അറിഞ്ഞതെന്നും എന്നാൽ ആദ്യം അത് വിശ്വസിച്ചില്ലെന്നും ഷോ അവതാരകരായ റിച്ചാർഡിൽ നിന്നും ബ്രാച്ചയിൽ നിന്നും ഫോൺ കോൾ ലഭിച്ചതോടെയാണ് സുഹൃത്തുക്കൾ പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും പ്രിൻസ് പറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.
197281 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനത്തുക ലഭിച്ചത്. കുട്ടികളുടെ ആവശ്യങ്ങൾക്കായും നാട്ടിലെ തന്റെ കുടുംബത്തിന് വേണ്ടിയും പണത്തിൻ്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും അതോടൊപ്പം തന്റെ 10 സഹപ്രവർത്തകരുമായും സമ്മാനത്തുക പങ്കിടുമെന്നും പ്രിൻസ് പറഞ്ഞു. എഞ്ചിനീയറായ പ്രിൻസ് കഴിഞ്ഞ എട്ട് വർഷമായി ഭാര്യയ്ക്കൊപ്പം ഷാർജയിലാണ് താമസിക്കുന്നത്.