കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും രാജ്യാതിർത്തികളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അടുത്ത ജനുവരി മുതല്‍ ബയോമെട്രിക് പരിശോധന നിലവില്‍ വരും.
ഇതോടെ വ്യാജരേഖ ചമയ്ക്കുന്നവരും, നാടുകടത്തപ്പെട്ടവരും കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഴിയും. കണ്ണ്, മുഖം, കൈരേഖ, ഡിജിറ്റല്‍ ഒപ്പ് എന്നിവ ശേഖരിക്കുന്നത് വഴി സുരക്ഷാ പരിശോധന ആധുനികമാകുമെന്നും കുവൈത്ത് വിലയിരുത്തുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങളുടെ വിതരണവും ക്രമീകരണവും പരീക്ഷണവും ആരംഭിച്ചു കഴിഞ്ഞു.
അതിര്‍ത്തി സുരക്ഷ, ഫോറൻസിക് എവിഡൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗങ്ങൾ സംയ്കമായി സഹകരിച്ചാണ് ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. പരിശോധനകൾ കാര്യക്ഷണമാകുകയും ഉദ്യോഗസ്ഥ പ്രയത്നം ലഘൂകരിക്കുകയും ചെയ്യുന്നതോടെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാകും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയും കുറ്റവാളികളേയും വേഗം കണ്ടെത്തുന്നതിനും പദ്ധതി നിലവില്‍വരുന്നതോടെ സാധ്യമാകും.