അബുദാബിയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ആലിപ്പഴ വർഷത്തിൽ പരിക്കേറ്റ ഫ്ലമിംഗോകൾ പുതുജീവിതത്തിലേയ്ക്ക്. ആലിപ്പഴം ദേഹത്തുവീണ് പരിക്കേറ്റ 10 ഫ്ലമിംഗോകളെ അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) രക്ഷപ്പെടുത്തിയാണ് പുനരധിവസിപ്പിച്ചത്.
അൽ വത്ബ വെറ്റ്ലാൻഡിലെ ഫ്ലമിംഗോകളുടെ കാലുകൾ, തല, ചിറകുകൾ എന്നിവയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ആലിപ്പഴ വർഷത്തിന് ശേഷം സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരാണ് പക്ഷികളെ രക്ഷപ്പെടുത്തിയത്. പ്രായമായ പക്ഷികളുടെ ചിറകിനടിയിൽ നിന്ന് നിരവധി കുഞ്ഞുങ്ങളെയും ഒട്ടേറെ മുട്ടകളും കണ്ടെത്തിയിരുന്നു. മുട്ടകൾ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും വിരിയുന്നതുവരെ കൃത്യമായി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇ.എ.ഡി, യാസ് സീവേൾഡ് റിസർച്ച് ആൻഡ് റെസ്ക്യൂ സെന്ററർ എന്നിവ സംയുക്തമായാണ് ഫ്ലമിംഗോകളുടെ പുനരധിവാസ പദ്ധതികൾ നടപ്പാക്കിയത്. ശൈത്യകാലങ്ങളിൽ 4000-ത്തിലേറെ ഫ്ലമിംഗോകളാണ് അൽ വത്ബയിലെ ചതുപ്പ് പ്രദേശം തേടിയെത്തുന്നത്.