അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും അവസാനഘട്ട പ്രചരണത്തിലാണ്. മുൻപില്ലാത്തവണ്ണം വോട്ടർമാരിൽ പകുതിയോളം പേരും മുൻകൂർ വോട്ടിങ് പ്രയോജനപ്പെടുത്തി. കഴിഞ്ഞയാഴ്‌ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിൻ്റെ 43 ശതമാനമാണിത്.
അവസാന ദിനങ്ങളിൽ ഏഴ് സ്വിങ് സ്റ്റേറ്റുകൾ കേന്ദ്രീകരിച്ചാണ് ഡൊണാൾഡ് ട്രംപും കമല ഹാരിസും പ്രചാരണം നടത്തുന്നത്. ഷിഗൺ, പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ട്രംപിൻ്റെ ക്യാമ്പയിൻ. കമല മിഷിഗൺ, ജോർജിയ, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങും.
270 അല്ലെങ്കിൽ അതിൽ കൂടുതൽ ഇലക്‌ടറൽ വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥയാണ് വൈറ്റ്ഹൗസിൽ എത്തുക. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രംപിന് 219ഉം ഇലക്ടറൽ വോട്ടുകൾ ഉറപ്പാണ്. വിജയം ഉറപ്പിക്കാൻ കമലയ്ക്ക് 44 അധിക ഇലക്ടറൽ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറൽ വോട്ടുകളും സമാഹരിക്കണം.