ജൂൺ മുതൽ ചില സൗകര്യങ്ങൾ നിർത്തലാക്കാൻ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. സ്വകാര്യത ലംഘനം കണക്കിലെടുത്താണ് നീക്കാമെന്നാണ് വ്യാപകമായി ഉയരുന്ന അഭിപ്രായങ്ങൾ. ഉപഭോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള നിയർബൈ ഫ്രണ്ട്സ്, വെതർ അലേർട്ട്സ്, ലൊക്കേഷൻ ഹിസ്റ്ററി ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഫേസ്ബുക്ക് നിർത്തുന്നത്.
ലൊക്കേഷൻ സൗകര്യങ്ങൾ ഒഴിവാക്കാൻ എന്താണ് കാരണമെന്ന് മെറ്റ വിശദമാക്കിയിട്ടില്ല. ഫെയ്സ്ബുക്കിന്റെ സെർവറിൽ സൂക്ഷിച്ചിരിക്കുന്ന ലൊക്കേഷൻ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
മൊബൈൽ ആപ്ലിക്കേഷനിലൂടെ ഈ ഫീച്ചറുകൾ നിർത്തലാക്കാൻ പോവുന്ന വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. ഒരു യൂസർ നിൽക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ഫേസ്ബുക്ക് സുഹൃത്തുക്കളെ കണ്ടെത്താനും കണക്ട് ചെയ്യാനും ഒരുക്കിയിരുന്ന ഫീച്ചറാണ് ‘നിയർബൈ ഫ്രണ്ട്സ്. 2022 ഓഗസ്റ്റ് ഒന്ന് വരെ ഫെയ്സ്ബുക്ക് ശേഖരിച്ച ലൊക്കേഷൻ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യുമെന്നും കമ്പനി അറിയിക്കുന്നു. അതിന് ശേഷമുള്ള വിവരമെല്ലാം സ്ഥിരമായി നീക്കം ചെയ്യപ്പെടും.
കാരണം വ്യക്തമല്ലെങ്കിലും ഉപഭോക്താക്കളിൽ നിന്നുള്ള വിവരശേഖരണം പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നതും ഇതിനു കാരണമാണെന്ന് ആണ് സൂചന. യുവ തലമുറ ഫേസ്ബുക്ക് ഉപയോഗം കുറച്ചതും പല ഫീച്ചറുകളും ഉപയോഗശൂന്യമാക്കുന്നതിന് ഇടയാക്കിയെന്നാണ് റിപ്പോർട്ട്.