സൗദിയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം വെള്ളത്തിന്റെ കുത്തൊഴുക്ക്, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം റിയാദ്, മദീന, ഹൈൽ, അൽ ഖാസിം, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, അസീർ, ജസാൻ എന്നിവിടങ്ങളിലും തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. അതോടൊപ്പം ജനങ്ങൾ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.