സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതിയിൽ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. പരിസ്ഥിതി, കൃഷി മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് രണ്ട് കോടി മരങ്ങൾകൂടി നട്ടുപിടിപ്പിക്കാനാണ് തീരുമാനം.
2021-ൽ സൗദി കരീടാവകാശി തുടക്കം കുറിച്ച സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി വഴി രാജ്യത്ത് 9.5 കോടി മരങ്ങൾ നട്ടു പിടിപ്പിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ ഒസാമ ബിൻ ഇബ്രാഹീം ഫഖീഹ പറഞ്ഞു. പുതിയ സീസണിൽ രണ്ട് കോടി മരങ്ങൾ കൂടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നട്ട് പരിപാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വനവത്കരണ ശ്രമങ്ങളെ പിന്തുണക്കുക, ഭൂമിയെ വനങ്ങൾ കൊണ്ട് ആവരണം ചെയ്യുക, അത് വഴി ഭൂമിയുടെ നാശം കുറയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പുതിയ സീസണിൽ വനവത്കരണം നടപ്പിലാക്കുന്നത്.