അബുദാബിയിൽ ഡ്രൈവിങ്ങിനിടെ മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറിയാൽ കാത്തിരിക്കുന്നത് വൻ പിഴ. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്യുന്നതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്നതോടെയാണ് അധികൃതരുടെ നടപടി. പലതവണ കരണം മറിഞ്ഞ് എതിർ ദിശയിലേക്കു പോയ വാഹനത്തിൻ്റെ 23 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
പെട്ടെന്ന് ലെയ്ൻ മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്‌ത് ഗുരുതര അപകടമുണ്ടാക്കുന്നവർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ ചുമത്തുക.