ദേശസ്നേഹത്തിന്റെ ഓർമ്മകളുമായി യുഎഇയിൽ പതാകദിനം ആചരിച്ചു. രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് എല്ലാ എമിറേറ്റിലെയും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്എ) ആസ്ഥാനത്ത് പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ഔദ്യോഗികമായി നാളെ ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്റെ മുന്നോടിയായി വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻ്റെ ആഹ്വാനപ്രകാരമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
മന്ത്രാലയത്തിലും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലുമായി നടന്ന ആഘോഷത്തിൽ വിദേശികളും പങ്കെടുത്തു. പതാക ദിനാചരണത്തിൽ വിവിധ പ്രവാസി സംഘടനകളും സംബന്ധിച്ചിരുന്നു. യുഎഇയിലെ സ്കൂളുകളിൽ പതാക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും കലാപരിപാടികളും അരങ്ങേറി.