ഷാർജ അന്തർദേശീയ പുസ്തക മേളയിൽ ഇത്തവണ തമിഴ് സ്വാധീനവുമുണ്ടാകും. തമിഴ്നാട്ടിലെ ഐ.ടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി. ജയമോഹനും പങ്കെടുക്കും.
നവംബർ 10-ന് വൈകിട്ട് 4 മുതൽ 6 വരെ കോൺഫൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പളനിവേൽ ത്യാഗരാജൻ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. നവംബർ 10ന് നടക്കുന്ന പരിപാടിയിൽ തമിഴ്-മലയാള എഴുത്തുകാരൻ ബി. ജയമോഹൻ പങ്കെടുക്കും. രാത്രി 8.30 മുതൽ 9. 30 വരെ കോൺഫൻസ് ഹാളിൽ ‘മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര’ എന്ന പരിപാടിയിലാണ് അദ്ദേഹം സംബന്ധിക്കുക.
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജയമോഹൻ തമിഴിലും മലയാളത്തിലും കൃതികൾ രചിച്ചിട്ടുള്ള വ്യക്തിയാണ്.