ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 263ന് അവസാനിച്ചു. ഇന്ത്യയ്ക്ക് വെറും 28 റണ്‍സാണ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായത്. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 235 റൺസ് എടുത്തിരുന്നു. അജാസ് പട്ടേൽ ന്യൂസിലൻഡിനായി 5 വിക്കറ്റ് വീഴ്ത്തി. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ടാം ദിനം രണ്ടാം സെഷനിൽ 5 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായതോടെ ഇന്ത്യൻ തകർച്ച പൂർണമായി. ആദ്യ സെഷനിൽ ശുഭ്മൻ ഗില്ലും റിഷഭ് പന്തും നേടിയ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ നാണക്കേടിൽനിന്ന് കരകയറ്റിയത്. ശുഭ്മാന്‍ ഗില്‍ (90), റിഷഭ് പന്ത് (60), വാഷിംഗ്ടണ്‍ സുന്ദര്‍ (പുറത്താവാതെ 38) എന്നിവർ
ഇന്ത്യന്‍ നിരയില്‍ തിളങ്ങി. രോഹിത് ശര്‍മ (18), കോലി(4) എന്നിവർ നിരാശപ്പെടുത്തി.
നേരത്തെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, നാല് വിക്കറ്റുമായി വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവർ കിവീസിനെ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ് സ്പിന്നർമാരുടെ കളിയാകുമെന്നാണ് നിഗമനം. പരമ്പരയിൽ ആദ്യ രണ്ടുമത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്