അബുദാബിയിൽ കാർ വാഷ്, സർവീസ് സെൻ്റർ എന്നിവ സ്വദേശികളുടെ ഉടമസ്ഥതയിലേക്ക് മാത്രമാകുന്നു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതയിൽ കാർ വാഷ് സെന്ററുകൾ വികസിപ്പിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.
അബുദാബി സാമ്പത്തിക വികസന വകുപ്പിൽ രജിസ്റ്റർ ചെയ്തതും യുഎഇ പൗരന്മാരുടെ പൂർണ ഉടമസ്ഥതയിലുള്ളതുമാകണം ഇവയെന്നാണ് നിർദേശം. അബുദാബി ഇൻവെസ്‌റ്റ്‌മെന്റ് ഓഫീസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.
നിലവിൽ കാർ കഴുകൽ മേഖലയിൽ മലയാളികളടക്കം നിരവധി പേരാണ് ജോലി ചെയ്യുന്നത്. അതിനാൽ പുതിയ നീക്കം ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളെ സാരമായിത്തന്നെ ബാധിക്കും.