കഴിഞ്ഞ ദിവസം വിവാഹിതരായ ടെലിവിഷൻ താര ദമ്പതികളാണ് നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും. പ്രായവ്യത്യാസത്തിൻ്റെ പേരിൽ ഇരുവർക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി സൈബർ ആക്രമണങ്ങളാണ് ഉയരുന്നത്. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികൾ. താനും ക്രിസും തമ്മിൽ 9 വയസിൻ്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും ചീത്ത പറയുന്നവരുടെ നാവ് മൂടിക്കെട്ടാൻ നമുക്ക് ആകില്ലെന്നും ദിവ്യ തുറന്നടിച്ചു.
“നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോരെ പ്രശ്‌നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ തെറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതുകൊണ്ടാകും ആ രീതിയിൽ സംസാരിക്കുന്നത്.
ഇങ്ങനെയൊക്കെയുള്ള കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമൻ്റുകൾ വരുമെന്ന് വിചാരിച്ചില്ല. സെക്സിന് വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്നു പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം. സെക്സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്സ് ഇല്ലാതെയും ജീവിക്കാൻ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസുള്ള ആൾ 40കാരിയെ വിവാഹം ചെയ്തെന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്. ഞാൻ 84ൽ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.
ഇനി 60 വയസെന്നു പറയുന്നവർ പറഞ്ഞോട്ടെ, ഇവർ പച്ചയ്ക്കു പറയുന്നതുപോലെ 60കാരൻ്റെ കൂടെ നാൽപതോ അൻപതോ വയസുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്‌തു കൂടെ ആയിരം കുടത്തിൻ്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മുടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ നാടും നന്നാകില്ല” എന്നാണ് ദിവ്യ പറഞ്ഞത്.
പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാൽ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലുകൾക്ക് മുന്നിലെയും പരസ്യങ്ങളിലെയും അനൗൺസർ, മോട്ടിവേഷണൽ സ്‌പീക്കർ, എഴുത്തുകാരൻ, വോയിസ് കോച്ച്, ഹിപ്നോ തെറാപിസ്‌റ്റ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനാണ് ക്രിസ്. നരച്ച താടിയും മുടിയും നീട്ടിയതിനാൽ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളാണ് വിവാഹവുമായി ബന്ധപ്പെട്ട വിമർശനത്തിലേയ്ക്ക് എത്തിച്ചത്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തിൽ രണ്ട് മക്കളുമുണ്ട്.