യുഎഇയിൽ വിസ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റിയാണ് യുഎഇ പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് നീട്ടുന്നതായി പ്രഖ്യാപിച്ചത്. പുതിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും.
സെപ്റ്റംബർ 1-ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബർ 31-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അവസാന ദിവസങ്ങളിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്കിനേത്തുടർന്നാണ് തിയതി നീട്ടാൻ അധികൃതർ തയ്യാറായത്.
ഇതോടെ വിസാ കാലാവധി പിന്നിട്ട് യുഎഇയിൽ നിയമവിരുദ്ധരായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ രണ്ട് മാസം കൂടി സാവകാശം ലഭിക്കും. രേഖകൾ ശരിയാക്കി യുഎഇയിൽ നിയമവിധേയരായി താമസിക്കാനും പ്രവാസികൾക്ക് സാധിക്കും. നിലവിൽ ആയിരക്കണക്കിന് ആളുകളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.