പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി.പി ഗോപാലൻ നമ്പ്യാർ (ടി.പി.ജി നമ്പ്യാർ) അന്തരിച്ചു. 96 വയസ്സായിരുന്നു. ബംഗളൂരുവിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കുറച്ച് കാലമായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. സംസ്കാരം വെള്ളിയാഴ്ച ബംഗളൂരുവിൽ നടക്കും
ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രമുഖ വ്യവസായക്കമ്പനിയുടെ സ്ഥാപകനാണ് ടി.പി.ജി നമ്പ്യാർ. കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ രാജ്യത്ത് മുൻനിരയിലുളള കമ്പനിയായിരുന്നു ബിപിഎൽ. 1963ൽ പാലക്കാടാണ് കമ്പനി ആരംഭിച്ചത്. നിലവിൽ ബാംഗ്ലൂരിലാണ് കമ്പനിയുടെ ആസ്ഥാനം.
1980ൽ ടെലിവിൽൻ നിർമ്മാണത്തിലൂടെയാണ് ബിപിഎല്ലിൻ്റെ മുന്നേറ്റം. ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്ക് കടക്കകുയായിരുന്നു ബിപിഎൽ. പിൽക്കാലത്ത് വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎൽ ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവിൽ മെഡിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണ രംഗത്താണ് ബിപിഎല്ലിൻ്റെ ശ്രദ്ധ.
നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ബിപിഎല്ലിൻ്റെ സ്ഥാപകൻ എന്ന നിലയിൽ ടി.പി.ജി നമ്പ്യാർ ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നതെന്നും പുതുതായി വ്യവസായ മേഖലയിലേക്ക് വരുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.