ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരുടെ സാന്നിധ്യവുമുണ്ടാകും. കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവും ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗതുമാണ് പുസ്തക മേളയിൽ പങ്കെടുക്കുക.
നവംബർ 9ന് രാത്രി 9 മുതൽ 10 വരെ സംഘടിപ്പിക്കപ്പെടുന്ന ബുക്ക് ഫോറം 3 ഇൽ നടക്കുന്ന ‘ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ – ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഓരൊരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി ജോർജി ഗോഡ്‌സ്‌പോഡിനോവ് സംവദിക്കും. അദ്ദേഹത്തിന്റെ ടൈം ഷെൽട്ടർ എന്ന നോവലിന് 2023-ലെ ബുക്കർ സമ്മാനം ലഭിച്ചിട്ടുണ്ട്. 25-ലധികം ഭാഷകളിൽ അദ്ദേഹത്തിന്റെ കൃതികൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ചേതൻ ഭഗത് നവംബർ 10-ന് വൈകിട്ട് 7.15 മുതൽ 8.15 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കും. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. അതോടൊപ്പം 10ന് രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷിയും പ്രേക്ഷകരുമായി സംവദിക്കും. ‘ഫ്രം സ്ക്രീൻ ടു പേജ് – ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന് എഴുത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ച് ഹുമ ഖുറേഷി സംസാരിക്കും.
പാചക വിദഗ്ദ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല നവംബർ 16-ന് വൈകിട്ട് 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിൽ ‘യാത്രയും പാചകക്കുറിപ്പുകളും -ഷെനാസുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യൻ വനിത പുരാവസ്തു ശാസ്ത്ര – ചരിത്ര വിദഗ്ദ്ധരും മേളയിൽ പങ്കെടുക്കും. നവംബർ 8 ന് ദേവിക കരിയപ്പയും നവംബർ 9 ന് റാണ സഫ്‌വിയും പുസ്തകോത്സവത്തിൽ സംബന്ധിക്കും.