ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സത്യവാങ്‌മൂലം സമർപ്പിക്കാൻ സമയം വേണമെന്ന സിദ്ദിഖിന്റെ ആവശ്യം അംഗീകരിച്ചു.
പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്‌മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ വാദിച്ചു.
അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖ് വാദിച്ചിരുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോൺ തൻ്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. പൊലീസ് തന്നെയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്നുവെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.