ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി. ഇന്നലെ മോസ്കോ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റഷ്യൻ പ്രതിനിധികൾ സ്വീകരിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്റ് റഷ്യയിലെത്തിയത്.
യുഎഇയുടെയും റഷ്യയുടെയും ദേശീയഗാനാലാപനം, ഗാർഡ് ഓഫ് ഹോണർ എന്നിവയോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ റഷ്യൻ പ്രസിഡന്റുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച ചെയ്യും. കസാനിൽ വെച്ച് 22, 23, 24 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്.