101-ാം പിറന്നാൾ ആഘോഷിക്കുകയാണ് കേരളത്തിൻ്റെ വിപ്ലവ നായകൻ വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. വി.എസ് പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഇന്ന് ഭാര്യ വസുമതിക്കും അരുണ്‍ കുമാറിനും മകൾ ആശക്കുമൊപ്പം അദ്ദേഹം കേക്ക് മുറിക്കും.
തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്. ഡോക്ടര്‍മാർ നിര്‍ദേശിച്ചത് അനുസരിച്ച് അദ്ദേഹത്തിന് സന്ദര്‍ശക വിലക്കുണ്ട്. വി.എസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. നിയമസഭക്കകത്തും പുറത്തും വി.എസ് തൻ്റേതായ ശൈലിയിൽ നടത്തിയ പ്രസംഗങ്ങളും നർമ്മം കലർന്ന പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തിൽ വിഎസ് വഹിച്ചത്. നാല് വർഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിനെ വിശ്രമജീവിതം നയിക്കാൻ നിർബന്ധിതനാക്കിയത്.