യുഎഇ ജലസുരക്ഷാ തന്ത്രം 2036ന്‍റെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സംരംഭങ്ങള്‍ക്കായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.
രാജ്യത്തെ ജല സംഭരണികളുടെ ശേഷി വര്‍ധിപ്പിക്കുക, ജലസുരക്ഷാ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രാഥമിക ലക്ഷ്യം. ഒമ്പത് പുതിയ ജല അണക്കെട്ടുകളും തടയണകളും പുതിയതായി നിർമ്മിക്കും. നിലവിലുള്ള രണ്ട് അണക്കെട്ടുകൾ വികസിപ്പിക്കാനും അനുമതിയായി.
ഇതോടെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന മഴവെള്ളത്തേയും പ്രളയത്തേയും പ്രതിരോധിക്കാനും വഴിയൊരുങ്ങും. എട്ട് ദശലക്ഷം ഘനമീറ്റര്‍ വരെ സംഭരണശേഷിയുള്ള മഴവെള്ളം പ്രളയജലവും ശേഖരിച്ച് രാജ്യത്തെ ജലശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജനവാസ മേഖലകളിലെ നീരൊഴുക്കിന്‍റെ ആഘാതം ലഘൂകരിക്കുന്ന രീതിയിലാണ് അണക്കെട്ടുകളുടേയും തടയണകളുടേയും തീരുമാനം.
19 മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുക.
ഷാര്‍ജ എമിറേറ്റിലെ ഷിസ്, ഖോര്‍ഫക്കാന്‍, അജ്മാന്‍ എമിറേറ്റിലെ മസ്ഫൂത്ത്, റാസല്‍ഖൈമയിലെ ഷാം, അല്‍ ഫഹ്ലീന്‍, ഫുജൈറ എമിറേറ്റിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഹായില്‍, ഖിദ്ഫ, മുര്‍ബെ, ദദ്‌ന, അല്‍ സീജി, ഗാസിമ്രി എന്നിവയുള്‍പ്പെടെ 13 റസിഡന്‍ഷ്യല്‍ ഏരിയകളിലായാണ് ജലകനാല്‍ പദ്ധതികള്‍ നടപ്പാക്കുകയെന്ന് സമിതി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc