13 പാർപ്പിട മേഖലകളിൽ അണക്കെട്ടുകൾ നിർമ്മിക്കാനൊരുങ്ങി യുഎഇ. യുഎഇയിലെ നിർമ്മാണ പദ്ധതികളുടെ ഒരു പുതിയ പാക്കേജിൽ ഒമ്പത് വാട്ടർ ഡാമുകൾ നിർമ്മിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 19 മാസത്തിനകം പദ്ധതി നടപ്പാക്കും.
‘യുഎഇ പ്രസിഡൻ്റിൻ്റെ സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ കീഴിൽ വരുന്ന മെഗാ പ്ലാൻ രാജ്യത്തിൻ്റെ ജലസംഭരണശേഷി 8 ദശലക്ഷം ക്യുബിക് മീറ്ററായി വർധിപ്പിക്കുകയും മഴവെള്ള ശേഖരണം വർധിപ്പിക്കുകയും ജനവാസ മേഖലകളിലെ വെള്ളപ്പൊക്കം തടയുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന് മറുപടിയായി രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പുതിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിന് പുറമേ, നിലവിലുള്ള രണ്ട് അണക്കെട്ടുകളുടെ വിപുലീകരണവും പദ്ധതിയിൽ ഉൾക്കൊള്ളുന്നുണ്ട്.