കേരളത്തിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികളെയും യുഡിഎഫ് പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ചേലക്കരയിൽ രമ്യ ഹരിദാസും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും മത്സരിക്കും.
ഇന്നലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാലക്കാട്ടെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി ഉൾപ്പെടെ നേതാക്കളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. പാലക്കാട്ട് രാഹുലിനായി ചുമരെഴുത്തുകൾ ഇന്നലെ രാത്രി തന്നെ തുടങ്ങി.
ചേലക്കരയിൽ രമ്യ ഹരിദാസിനുവേണ്ടിയുള്ള പ്രചാരണ പരിപാടികളും തുടങ്ങി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വൻ ആവേശത്തിലാണ് യുഡിഎഫ് പ്രവർത്തകർ.