കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്.
നവംബർ 13നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. തുടർന്ന് വോട്ടെണ്ണൽ 23ന് നടക്കും. ഒക്ടോബർ 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28-നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.
ജാർഖണ്ഡിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാംഘട്ടം നവംബർ 20നുമാണ്. വോട്ടെണ്ണൽ നവംബർ 23-നാണ്. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രികകൾ ഒക്ടോബർ 25 വരെ സമർപ്പിക്കാം. 28ന് സൂക്ഷ്മ പരിശോധന നടക്കും. 30 വരെ പത്രിക പിൻവലിക്കാം. രണ്ടാം ഘട്ടത്തിൽ ഒക്ടോബർ 29 വരെ പത്രിക സമർപ്പിക്കാം. 30ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ ഒന്ന് വരെ പത്രിക പിൻവലിക്കാം.
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നവംബർ 20ന് നടക്കും. 23-നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22ന് പുറത്തിറക്കും. ഈ മാസം 29വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 30-ന് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ നാല് വരെ പത്രിക പിൻവലിക്കാവുന്നതാണ്.