അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ സാമൂഹിക പ്രവർത്തകനായ റെജിലാൽ കോക്കാടൻ (50) മരണപ്പെട്ടു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് അപകടം.
കണ്ണൂർ ഒഴപ്രം സ്വദേശിയായ റെജിലാൽ വർഷങ്ങളോളം മസ്കത്തിലും പിന്നീട് അബുദാബിയിലും സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഇപ്പോൾ എട്ട് വർഷമായി കുടുംബസമേതം അബുദാബിയിലാണ് താമസിക്കുന്നത്. കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്ററായിരുന്നു. ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. ദീർഘകാലം മസ്കത്തിൽ കൈരളിയുടെ ഭാരവാഹിയായിരുന്നു.
ഭാര്യ മായ റെജിലാൽ കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. മക്കൾ: നിരഞ്ജൻ, ലാൽ കിരൺ. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.