ഖത്തർ ലോകകപ്പിൽ തൻ്റെ ഇഷ്ടടീമിനെ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ‘മേഴ്സി’ കപ്പും കൊണ്ടേ പോകൂവെന്നും കളരിയഭ്യാസം ഫുട്ബോളിൽ വളരെയധികം സഹായകമാണെന്നുമാണ് ഒരു വാർത്താചിനലിനോട് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചത്. ഈ നാക്കുപിഴ പക്ഷേ സമൂഹ മാധ്യമങ്ങൾ അങ്ങ് ഏറ്റെടുത്തു.
‘മേഴ്സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്‌ബോൾ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിൻ്റെ അതിയായ താൽപര്യമാണ് മേഴ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകൾ ഉയർന്നുവരട്ടെ’- ഇതാണ് ഇ പിയുടെ വാക്കുകൾ.
വളരെവേഗം ഈ വീഡിയോ വൈറലായി. നിരവധിയാളുകൾ ഷെയർ ചെയ്തതോടെ പിന്നെ ട്രോളുകളുടെ പെരുമഴ തന്നെയായിരുന്നു. മേഴ്‌സി എൻ്റെ അമ്മയായിരുന്നു, സഹോദരി ആയിരുന്നു, ഭാര്യയായിരുന്നു, എൻ്റെ എല്ലാമെല്ലാമായിരുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പ്രധാന പരിഹാസം. കോമഡി സിംഹമേ എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുന്നു എന്നും ആളുകള്‍ ചോദ്യമുയർത്തുന്നുണ്ട്.
ഫുട്ബോളിന് കളരി വളരെ നല്ലതാണെന്ന് പറഞ്ഞതിനും വലിയ ട്രോളുകൾ വരുന്നുണ്ട്.മേഴ്സിയല്ല അനിയത്തി ഗ്രേസിയാണ് കപ്പെടുക്കാൻ വന്നിരിക്കുന്നതെന്നാണ് മറ്റൊരു കമൻ്റ്.
കേരള രാഷ്ട്രീയം ഒരു ഫുട്ബാൾ മൈതാനമാണെങ്കിൽ താൻ ഫോർവേഡായിരിക്കുമെന്നും ജയരാജൻ പറഞ്ഞു. പ്രതിരോധിക്കലല്ല, കടന്നടിച്ച് മുന്നേറുമെന്നും എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ , അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കുമെന്നും പറയുന്നു. അങ്ങനെ തകർന്നുപോയ ഒരുപാട് എതിരാളികളുണ്ടെന്നും ഇപ്പോൾ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്‌ബോൾ കളിയിൽനിന്ന് പിന്നോട്ടുവന്നെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
മുമ്പ് അമേരിക്കന്‍ ബോക്‌സിങ് താരം മുഹമ്മദലി ക്ലേയുടെ മരണത്തില്‍ അനുശോചിച്ചപ്പോഴും ജയരാജന് തെറ്റുപറ്റിയിരുന്നു. മലപ്പുറത്തുകാരനായ മികച്ച കായികതാരമാണ് മുഹമ്മദലി എന്നായിരുന്നു കായികവകുപ്പുമന്ത്രിയായ ജയരാജന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.