ബംഗ്ലാദേശിനെതിരായ ട്വൻ്റി 20 പരമ്പരയിലെ തകർപ്പൻ സെഞ്ചുറിയോടെ സ്റ്റാറായി നിൽക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ ടി20-യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡും ഈ മത്സരത്തോടെ സഞ്ജു നേടിയെടുത്തു. 40 പന്തിൽ നിന്ന് സെഞ്ചുറിയടിച്ച സഞ്ജു 47 പന്തിൽ നിന്ന് എട്ട് സിക്‌സും 11 ഫോറുമടക്കം 111 റൺസാണ് നേടിയത്.
സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം സഞ്ജുവിനെ പുകഴ്ത്തുമ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. സഞ്ജുവിനെ എപ്പോഴും വിമർശിക്കുന്ന വ്യക്തിയാണ് ഗവാസ്ക്കർ. സ്ഥിരതയില്ലെന്നും അവസരങ്ങൾ മുതലാക്കുന്നില്ലെന്നും വിക്കറ്റിന് പിന്നിലെ പ്രകടനം പോരെന്നുമെല്ലാം സഞ്ജുവിനെ ഗവാസ്‌കർ പലപ്പോഴും വിമർശിക്കാറുണ്ട്.
ഷോട്ട് സെലക്ഷൻ്റെ പേരിലും ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും പരാജയപ്പെട്ട ഒരു മത്സരത്തിൻ്റെ പേരിൽ പോലും ഗാവസ്ക്കർ സഞ്ജുവിനെ വിമർശിച്ചിരുന്നു.
എന്നാൽ ബംഗ്ലാദേശിനെതിരെ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ക്രിക്കറ്റ് ആരാധകർ ഗവാസ്കറിനെ സാമൂഹ്യമാധ്യമങ്ങളിൽ വട്ടമിട്ട് ആക്രമിക്കുകയാണ്. സഞ്ജുവിന് ഇപ്പോൾ സ്ഥിരതയുണ്ടോയെന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.