ഒരോവറിൽ അഞ്ച് സിക്സറുകളുമായി രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധ നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. താൻ മെൻ്റർക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സഞ്ജു.
“അവസാന പരമ്പരകളിൽ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. ഇതോടെ തീർത്തും നിരാശനായി. എന്നാൽ തിരിച്ചുവരാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത പരമ്പരയിൽ ഒരോവറിൽ അഞ്ച് സിക്സർ നേടണം. എൻ്റെ മെൻ്റർ ആവശ്യപ്പെട്ടത് ഇതായിരുന്നു. അതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഞാൻ അക്കാര്യം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്” എന്നാണ് സഞ്ജു പറഞ്ഞത്.
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിലാണ് തുടരെ സഞ്ജു അഞ്ച് സിക്സർ പറത്തിയത്. ഇതോടെ അതിവേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി സഞ്ജു മാറി.