2024ൽ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. ലിസ്റ്റിൽ മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. രാജ്യത്തെ സമ്പന്നരായ നൂറ് പേർ ഉൾപ്പെട്ട പട്ടികയിൽ ഇത്തവണ 7 മലയാളികളാണ് ഇടംപിടിച്ചിരിക്കുന്നത്.
7.4 ബില്യൻ ഡോളർ ആസ്തിയോടെ (62,160 കോടി രൂപ) ഇന്ത്യയിലെ സമ്പന്നരിൽ 39-ാം സ്ഥാനത്താണ് യൂസഫലി. കഴിഞ്ഞ വർഷം 7.1 ബില്യൻ ഡോളറായിരുന്നു എം.എ യൂസഫലിയുടെ ആസ്തി. ജോർജ് ജേക്കബ്, ജോർജ് തോമസ്, സാറാ ജോർജ്, ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്‌തികൾ ചേർത്ത് 7.8 ബില്യൻ ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു. നാല് പേരുടെയും ആകെ ആസ്തികൾ ചേർത്ത് 37-ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി.
മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യൻ ഡോളർ ആസ്‌തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27 5 ബില്യൻ ഡോളറിന്റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 48 ബില്യൻ ഡോളർ നേട്ടത്തോടെ 116 ബില്യൻ ഡോളറിൻ്റെ ആസ്‌തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്. 43.7 ബില്യൻ ഡോളർ ആസ്‌തിയോടെ ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലാണ് മൂന്നാം സ്ഥാനത്ത്.
കല്യാൺ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടി.എസ് കല്യാണരാമൻ 60-ാം സ്ഥാനത്താണ്. 5.38 ബില്യൻ ഡോളറാണ് (45,192 കോടി രൂപ) ടി.എസ് കല്യാണരാമൻ്റെ ആസ്തി. 4.35 ബില്യൻ ഡോളർ ആസ്തിയോടെ (36,540 കോടി രൂപ) ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്‌ണൻ 73-ാം സ്ഥാനത്താണ്.