അബുദാബിയിൽ അരളി ചെടികൾ നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അരളി ചെടി ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
അരളി ചെടികളുടെ ഉല്പാദനം, കൃഷി ചെയ്യൽ, വിൽപ്പന തുടങ്ങിയവയെല്ലാം അബുദാബിയിൽ നിരോധിച്ചു. അരളി ചെടിയുടെ പൂവ്, ഇല, തണ്ട് ഉൾപ്പെടെയുള്ളവ വിഷബാധയ്ക്ക് കാരണമാകുമെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. അതിനാൽ മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.
അരളിയിലെ വിഷം ഹൃദയാഘാതത്തിനും കരൾ, ശ്വാസകോശം തുടങ്ങിയവയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. അതോടൊപ്പം രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാക്കുന്നതിനും കാരണമാകുമെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.