ഇന്ത്യൻ വ്യവസായ രംഗത്തെ ഇതിഹാസം രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം. മുംബൈയിലെ NCPA ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 4 വരെ പൊതുദർശനം നടക്കും. തുടർന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വെർലിയിലെ പൊതുശ്‌മാശനത്തിലാണ് സംസ്‌കാരം നടക്കുക.
രത്തൻ ടാറ്റയുടെ നിര്യാണത്തേത്തുടർന്ന് മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്‌ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം വെൻ്റിലേറ്ററിലായിരുന്നു.
ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു.