അറബ് രാജ്യങ്ങളിൽ മികച്ച ജീവിത നിലവാരമുള്ള രാജ്യമെന്ന നേട്ടം സ്വന്തമാക്കി യുഎഇ. അമേരിക്കൻ മാഗസിനായ സിഇഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലാണ് യുഎഇ മുൻപന്തിയിലെത്തിയത്.
ന്യായമായ വില, രാഷ്ട്രീയ നിഷ്പക്ഷത, സുരക്ഷ, തൊഴിൽ വിപണി, വരുമാന സമത്വം, സാംസ്കാരിക സ്വാധീനം, പൊതുജനാരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഗുണനിലവാരം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് റിപ്പോർട്ട്. 196 രാജ്യങ്ങളെയും ലോകമെമ്പാടുമുള്ള കാൽ ദശലക്ഷത്തിലധികം വ്യക്തികളുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ബഹ്റൈൻ പട്ടികയിൽ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഖത്തർ നാലാം സ്ഥാനത്തുമാണ്. കുവൈത്ത് അഞ്ചാമതും ഒമാൻ ആറാമതുമാണ്. ആഗോള തലത്തിൽ സ്വിറ്റ്സർലൻഡ് ആണ് പട്ടികയിൽ ഒന്നാമതുള്ളത്. നോർവേയും ഐസ്ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.