നടൻ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവി രോഗം ബാധിക്കുകയായിരുന്നു.
1975-ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാൾ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാൽ കല്ല്യാണം, അനന്തഭദ്രം, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്.