ഇത്തിഹാദ് റെയിലിൻ്റെ പുതിയ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് അധികൃതർ. ഫുജൈറയിലെ സകംകം പ്രദേശത്ത് പുതിയ സ്റ്റേഷൻ സ്ഥാപിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചത്. അബുദാബിയിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ് പ്രഖ്യാപനം.
പാസഞ്ചർ റെയിലിന്റെ രണ്ട് സ്റ്റേഷനുകളാണ് ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഫുജൈറയിലെ സകംകാമിലും ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലും ആയിരിക്കും സ്റ്റേഷനുകൾ നിർമ്മിക്കുക. 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പൂർത്തിയാകുന്നതോടെ ഏഴ് എമിറേറ്റുകളെയും 11 പ്രധാന നഗരങ്ങളെയും ഗുവെയ്ഫാത്തിൽ നിന്ന് ഫുജൈറയിലേക്ക് ബന്ധിപ്പിക്കുമെന്ന് ഇത്തിഹാദ് റെയിൽ പബ്ലിക് പോളിസി ആന്റ് സസ്റ്റൈനബിലിറ്റി ഡയറക്ടർ അദ അൽമൻസുരി പറഞ്ഞു.
പാസഞ്ചർ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോ മീറ്ററായിരിക്കുമെന്നും 2030 ആകുമ്പോഴേക്കും 36 ദശലക്ഷം യാത്രക്കാരെ എത്തിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. അയൽരാജ്യങ്ങളിലേക്ക് റെയിൽ കണക്ഷൻ പ്രഖ്യാപിച്ച ആദ്യ ഗൾഫ് രാജ്യമായി ഇതോടെ യുഎഇ മാറി.