വനിതകളുടെ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് നടക്കും. സെമി ഫൈനൽ സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകിട്ട് 3.30 മുതൽ ദുബായിലാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോട് 58 റൺസിന് തോറ്റതിന്റെ വിഷമത്തിലാണ് ടീം ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. ഇനിയൊരു തോൽവികൂടി വഴങ്ങേണ്ടി വന്നാൽ സെമി കാണാതെ ഇന്ത്യ പുറത്താകും. എന്നാൽ പാക്കിസ്ഥാനെതിരെ ആകെ കളിച്ച 15 ട്വൻ്റി-20 മത്സരങ്ങളിൽ 12ഉം വിജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 31 റൺസിന് തോൽപ്പിച്ച ആവേശത്തിലാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്. സാദിയ ഇഖ്ബാൽ, നിദാ ദർ എന്നിവരുൾപ്പെട്ട പാക് സ്പിൻനിര അതിശക്തമാണ്. എന്നാൽ പ്രധാന പേസ് ബൗളർ ഡയാന ബെയ്ഗിന് ആദ്യ മത്സരത്തിനിടെ പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്.