ആകാശവാണി വാര്‍ത്താ അവതാരകനായിരുന്ന എം. രാമചന്ദ്രന് അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഞായറാഴ്ച നടക്കും.
എൺപതുകളിലും തൊണ്ണൂറുകളിലും മലയാളികൾ ആകാശവാണിയിലൂടെ കേൾക്കാൻ കാത്തിരുന്ന ശബ്ദത്തിൻ്റെ ഉടമയായിരുന്നു എം. രാമചന്ദ്രൻ. റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ്.
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രന്’ എന്ന ആമുഖത്തോടെയുളള അവതരണം അത്രമേൽ മലയാളികളെ സ്വാധീനിച്ചിട്ടുണ്ട്. ആകാശവാണിയിൽ രാമചന്ദ്രൻ അവതരിപ്പിച്ച കൌതുക വാർത്തകളും ഏറെ ജനകീയമായി.
കൈരളിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും രാമചന്ദ്രൻ്റെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാക്ഷിക്കെന്താ കൊമ്പുണ്ടോ.. സാക്ഷിക്ക് ഒറ്റ കണ്ണേയുളളൂ.. തുടങ്ങി രാമചന്ദ്രൻ്റെ ശൈലി നിലവിൽ ടെലിവിഷൻ രംഗത്തുളള ആക്ഷേപഹാസ്യ പരിപാടികളുടെ ആദ്യരൂപമായിരുന്നു.
വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന് ആകാശവാണിയില്‍ എത്തുന്നത്. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു.ഡൽഹിയിൽ നിന്നാണ് വാർത്താവായനകളുടെ തുടക്കം. പിന്നീട് കോഴിക്കോടെത്തുകയും വാർത്താ വിഭാഗത്തിന് നേതൃത്വം നൽകുകയും ചെയ്തു.
ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിലെ എഫ്എം കേന്ദ്രങ്ങളിലും പ്രവർത്തിച്ചിരുന്നു. കേരള സർവകലാശാല റിട്ട. ജോയിൻ്റ് രജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ.