ഷാർജ മുവൈല മേഖലയിൽ രണ്ടര ബില്യൺ ദിർഹമിൻ്റെ വൻ റിയൽ എസ്റ്റേറ്റ് പദ്ധതി വരുന്നു. ഷാർജയിലെ ഏറ്റവും വലിയ സ്വകാര്യ കമ്യൂണിറ്റി പാർക്ക് അടക്കം ഉൾപ്പെടുന്നതാണ് പദ്ധതി. ഉൾഫ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
84,814 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 1,500 ചതുരശ്ര മീറ്റർ വാണിജ്യ സ്ഥാപനങ്ങൾക്കായി മാറ്റിവെക്കും. വാണിജ്യ കെട്ടിടങ്ങളും, താമസ കെട്ടിടങ്ങളും ഉൾപ്പെടുന്ന പദ്ധതിയാണിത്. 2,787 റെസിഡൻഷ്യൽ യൂനിറ്റുകൾ ഇതിലുണ്ടാകും. ഒമ്പത് മുതൽ 11 വരെ നിലകളുള്ള പന്ത്രണ്ട് കെട്ടിടങ്ങളടങ്ങുന്നതാണ് റിയൽ എസ്റ്റേറ്റ് പദ്ധതി.
26,000 ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഏറ്റവും വലിയ സ്വകാര്യ കമ്യൂണിറ്റി പാർക്കും ഇവിടെ സ്ഥാപിക്കും. കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ആംഫിതിയേറ്റർ, നീന്തൽകുളങ്ങൾ, ബാർബിക്യൂ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കും.