യുഎഇയിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഒരു വർഷത്തിൽ താഴെ കാലാവധി ഉണ്ടായിരുന്ന കമ്പനികൾക്കാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.
2024 ഫെബ്രുവരി 29നോ അതിന് മുമ്പോ ടാക്‌സ് കാലാവധി കണക്കാക്കുന്നവർക്കാണ് ഡിസംബർ 31 വരെ സാവകാശം നൽകിയത്. യുഎഇയിൽ പുതിയ കമ്പനികൾ ആരംഭിച്ച് 3 മാസത്തിനകം കോർപ്പറേറ്റ് ടാക്സിൽ രജിസ്റ്റർ ചെയ്തിരിക്കണം. വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികൾ 9 ശതമാനം കോർപ്പറേറ്റ് നികുതി നൽകണമെന്നാണ് നിയമം.
ഇമാറാ ടാക്സ് എന്ന പ്ലാറ്റ്ഫോം വഴിയും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ അംഗീകൃത ടാക്സ് ഏജന്റ്മാർ വഴിയും തസ്‌ഹീൽ ഗവൺമെന്റ് സേവന കേന്ദ്രം വഴിയും നികുതി ദാതാക്കൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://tax.gov.ae/ar/default.aspx എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.