നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ്. തനിക്കെതിരെ അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തത്. കൊച്ചി സൈബർ പോലീസാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്രമേനോൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാമർശങ്ങൾ അപകീർത്തികരവും തന്നെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. നടിയുമായി ബന്ധപ്പെട്ട ചിലർ ഫോൺ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി. നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയുമാണ് ബാലചന്ദ്ര മേനോൻ ഡി.ജി.പിക്ക് പരാതി നൽകിയത്.
ആലുവ സ്വദേശിനിയുടെ വെളിപ്പെടുത്തൽ എന്ന പേരിലാണ് യൂട്യൂബ് ചാനലുകൾ വീഡിയോ സംപ്രേക്ഷണം ചെയ്‌തത്. നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ ഈ നടി പീഡനപരാതി നൽകിയിരുന്നു. തുടർന്ന് നടന്മാർക്കെതിരെ കേസെടുക്കുകയും ചെയ്തു. അതിൻ്റെ തുടർച്ചയായി നടിയുടെ ചില പ്രതികരണങ്ങളാണ് യുട്യൂബ് ചാനലുകൾ സംപ്രേക്ഷണം ചെയ്‌തത്. ഇതിലാണ് ബാലചന്ദ്ര മേനോനെതിരേയുള്ള പരാമർശങ്ങളും ഉണ്ടായിരുന്നത്.